കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഷിംജിത മഞ്ചേരി വനിതാ ജയിലിൽ തുടരും.
ജാമ്യാപേക്ഷയിൽ ശനിയാഴ്ച കോടതി വിശദമായ വാദം കേട്ടിരുന്നു. ഷിംജിത നിരപരാധിയാണെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ ബോധപൂർവമാണ് ഷിംജിത ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് വാദിഭാഗം അഭിഭാഷകൻ വാദിച്ചു. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും വാദിഭാഗം കോടതിയെ ധരിപ്പിച്ചു.
സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടുന്നതിനാണ് ഷിംജിത കുറ്റം ചെയ്തതെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിച്ചത് ദുരുദ്ദേശത്തോടെയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഷിംജിത സാമൂഹിക മാദ്ധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണ് മകൻ ജീവനൊടുക്കിയതെന്ന ദീപക്കിന്റെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.
Most Read| ‘ജനനായകൻ’ വൈകും; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി


































