തങ്ങളുടെ സംരംഭം കേരള ബജറ്റിൽ ഇടംനേടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് എഴുകോണിലെ നാല് വീട്ടമ്മമാർ. സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന മൂല്യവർധിത ഉൽപ്പന്ന യൂണിറ്റുകൾ പ്രോൽസാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിലാണ് മന്ത്രി കെഎൻ ബാലഗോപാൽ ഏഴുകോണിലെ നാല് വീട്ടമ്മമാരുടെ സംരംഭത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
അയൽവാസികളായ എഴുകോൺ കൃഷ്ണകൃപയിൽ ശുഭ (52), ശ്രീജിത്ത് ഭവനിൽ ലതിക (60), തുണ്ടുവിള വീട്ടിൽ രേഖ (33), പൊയ്കവിള പുത്തൻവീട്ടിൽ രാജി (54) എന്നിവർ ചേർന്ന് കഴിഞ്ഞവർഷം ജനുവരിയിൽ തുടങ്ങിയ സംരംഭമാണ് ബജറ്റ് രേഖകളിലും ഇടം നേടിയത്.
ഗുണമേൻമയുള്ള ചക്ക വറ്റൽ (ഉപ്പേരി) തയ്യാറാക്കുന്നതാണ് ഇവരുടെ സംരംഭം. ഇതിനായി ശുഭയുടെ വീടിന്റെ അടുക്കളയോട് ചേർന്നാണ് സൗകര്യങ്ങളൊരുക്കി. പാത്രങ്ങളും ആവശ്യമായ സാമഗ്രികളും സ്റ്റാർട്ടപ്പ് മിഷൻ വാങ്ങി നൽകി. ചക്കയും വെളിച്ചെണ്ണയും വാങ്ങുന്നതിനുള്ള തുക സ്വന്തമായി കണ്ടെത്തി.
നാട്ടിൻ പുറത്തുനിന്ന് നല്ല ചക്ക വാങ്ങും. ചുള വെട്ടി വൃത്തിയാക്കി ഫിൽറ്റർ വെള്ളത്തിൽ കഴുകും. കമ്പനി നിഷ്കർഷിക്കുന്ന വെള്ളച്ചെണ്ണയിലാണ് വറ്റൽ തയ്യാറാക്കുക. ചക്കയുടെ സീസൺ കാലയളവായ നാലുമാസം കൊണ്ട് 400 കിലോയിലേറെ ഉപ്പേരി തയ്യാറാക്കി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ടോക്കോ എന്ന സ്റ്റാർട്ടപ്പ് കമ്പനിക്ക് അയച്ചു. വെളിച്ചെണ്ണ വിലയിലെ മാറ്റം അനുസരിച്ച് വിലയിലും ചില്ലറ ഏറ്റക്കുറച്ചിലുകളുണ്ടാകും.
പക്ഷേ, കിലോയ്ക്ക് ശരാശരി 1000 രൂപ വില ലഭിച്ചെന്നും നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപയോളം ലാഭം കിട്ടിയെന്നും നാൽവർ സംഘം സാക്ഷ്യപ്പെടുത്തുന്നു. കുടുംബശ്രീ സംരംഭകർക്കായി കൊട്ടാരക്കരയിൽ വിളിച്ചുചേർത്ത പരിപാടിയിൽ പങ്കെടുത്തതാണ് തങ്ങൾക്ക് പ്രചോദനമായതെന്ന് സംരംഭത്തിന് നേതൃത്വം കൊടുക്കുന്ന ശുഭ പറഞ്ഞു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക





































