ന്യൂഡെൽഹി: ചെങ്കോട്ട സ്‌ഫോടന കേസിൽ അറസ്‌റ്റിലായ ഡോക്‌ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകളിൽ ബോംബാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി സർക്കാർ വൃത്തങ്ങൾ. ജൂത പൗരൻ ഉടമയായ കോഫി ഷോപ്പ് ശൃംഖലയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ നാലുവർഷമായി ഈ വൈറ്റ് കോളർ ഭീകരസംഘം സജീവമായിരുന്നുവെന്നും ഇവർ പറഞ്ഞു. ഭീകരാക്രമണത്തിന്റെ ലക്ഷ്യം സംബന്ധിച്ച്, സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഭീകരരിലൊരാളായ ഉമർ ഉൻ നബിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് മറ്റു പ്രതികളായ മുസമിൽ അഹമ്മദ് ഗനായി, ആദീൽ അഹമ്മദ് റാത്തർ, ഉത്തർപ്രദേശ് സ്വദേശിയായ ഷഹീൻ സയീദ് എന്നിവർ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മൊഴി നൽകി.
ഡെൽഹിയിലും മറ്റു പ്രധാന ഇന്ത്യൻ നഗരങ്ങളിലുമുള്ള കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകൾ ആക്രമിക്കുന്നതിലൂടെ, ഗാസയിലെ ഇസ്രയേൽ സൈനിക നടപടിക്കെതിരെ സന്ദേശം നൽകാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഭീകരാക്രമണ പദ്ധതി ജമ്മു കശ്‌മീരിലെ സുരക്ഷാ സേനയെ ലക്ഷ്യമിടുന്നതിൽ ഒതുക്കണമെന്ന് സംഘത്തിലെ ചിലർ ആഗ്രഹിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, അൽ-ഖ്വയിദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്‌വത്- ഉൽ- ഹിന്ദിനെ പുനരുജ്‌ജീവിപ്പിക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് മുതിർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞു. 2019ൽ തെക്കൻ കശ്‌മീരിലെ ട്രാലിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സാക്കിർ മൂസയാണ് അൻസാർ ഗസ്‌വത്-ഉൽ- ഹിന്ദ് സ്‌ഥാപിച്ചത്.
സംഘടനയുടെ അവസാന കമാൻഡറായിരുന്ന മുസമിൽ അഹമ്മദ് തന്ത്രെ 2021ൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദിനെ പുനരുജ്‌ജീവിപ്പിക്കാനും രാജ്യത്ത് ഇസ്‌ലാമിക ഭരണം സ്‌ഥാപിക്കാനും പ്രതികളായ ഡോക്‌ടർമാർ ലക്ഷ്യമിട്ടിരുന്നെന്നും ഉദ്യോഗസ്‌ഥൻ വെളിപ്പെടുത്തി.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ









































