ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് നാളെ. രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റാണ് നാളത്തേത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിന് വേണ്ടി ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്‌ഥാന സർക്കാർ.
ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെഎൻ ബാലഗോപാൽ നിർമല സീതാരാമന് നൽകിയിട്ടുണ്ട്. 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഇടനാഴി, റെയർ എർത്ത് കോറിഡോർ, മനുഷ്യ-മൃഗ സംഘർഷം കുറയ്‌ക്കാനും കൃഷിനാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടി സഹായം തുടങ്ങിയ ആവശ്യങ്ങളാണ് കേരളത്തിന്റെ കത്തിലുള്ളത്.
കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്‌ഥാനങ്ങൾക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. അടിസ്‌ഥാന സൗകര്യ വികസനം, ആഭ്യന്തര ഉൽപ്പാദന വർധന എന്നിവയ്‌ക്ക് നടപടികളുണ്ടായേക്കും. ആദായനികുതിയിലെ സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തുമോ എന്നതാണ് നികുതിദായകർ ഉറ്റുനോക്കുന്നത്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം








































