ബെംഗളൂരു: ബെഗളൂരു കലാപക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന യുവാവ് കോവിഡ് ബാധിച്ചു മരിച്ചു. ഡിജെ ഹള്ളി സ്വദേശിയായ 24 കാരൻ സയ്യിദ് നദീം ആണ് ഇന്നലെ ബൗറിങ് ആശുപത്രിയിൽ വച്ച് മരണപെട്ടത്. ആഗസ്റ്റ് 12 രാവിലെയാണ് ഇയാളെ ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനായിരുന്നു തീരുമാനം.
തുടർന്ന് സ്റ്റേഷനിൽ എത്തിയ ഇയാൾ നെഞ്ച് വേദനയും, ശ്വാസതടസവും അനുഭവപ്പെടുന്നു എന്ന് പറഞ്ഞതിനാൽ സാമ്പിൾ ശേഖരിച്ച് കോവിഡ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഫലം പോസിറ്റീവ് ആയതോടെ ഇയാളെ ബൗറിങ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതിനാൽ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാൽ അതിന് ശേഷം മരുന്നുകളോട് പ്രതികരിക്കാതെ വരികയായിരുന്ന ഇയാൾ ഇന്നലെയോടെ മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെംഗളൂരുവിൽ വലിയ രീതിയിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയത്. 3 പേർ കൊല്ലപ്പെടുകയും 60ലധികം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ എസ്ഡിപിഐ നേതാവ് മുസമിൽ പാഷ ഉൾപ്പെടെ ഒട്ടേറെ പേർ പോലീസ് കസ്റ്റഡിയിലാണ്.







































