തിരുവനന്തപുരം: സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേർപ്പെടുത്താനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അടക്കമുള്ള കേസുകളിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അത് തടയാൻ വേണ്ടിയാണ് പുതിയ നടപടിയെന്ന് ചെന്നിത്തല ആരോപിച്ചു. നേരത്തെ, സമാനമായ പ്രസ്‌താവന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയിരുന്നു.
ലൈഫ് മിഷൻ ക്രമക്കേടിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ചെന്നിത്തല ആവർത്തിച്ചു. മറ്റ് സംസ്‌ഥാനങ്ങളിൽ രാഷ്‌ട്രീയ പ്രേരിതമായി പകപോക്കുവാൻ സിബിഐയെ ഉപയോഗിച്ചപ്പോഴാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കൂടാതെ, ദേശീയ അന്വേഷണ ഏജൻസികളെ കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ എന്നിവയെല്ലാം കേന്ദ്ര സർക്കാരിന്റെ ഇച്ഛക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നു എന്നാണ് സോണിയാ ഗാന്ധി പരാമർശിച്ചത്.
Also Read: കൂട്ട കോപ്പിയടി; പിടിച്ചെടുത്തത് 28 ഫോണുകള്‍; പരിശോധന വ്യാപിപ്പിക്കും
തുടർന്ന്, സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ ഇടപെട്ടത് മുഖ്യമന്ത്രി കത്തെഴുതി ആവശ്യപ്പെട്ടിട്ടാണെന്നും ചെന്നിത്തല ഓർമിപ്പിച്ചു. ഇടതുപക്ഷ സർക്കാരിന് കീഴിൽ നടക്കുന്നത് ഡോളർ കടത്തും സ്വർണക്കടത്തുമാണെന്ന് ചെന്നിത്തല പറയുന്നു. എന്നിട്ടും ആരെ കബളിപ്പിക്കാൻ വേണ്ടിയാണ് പതിവ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഭാഷണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹവാലാ ഇടപാടുകൾക്കും സ്വർണക്കടത്തിനും മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുണ്ടെന്നും ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.







































