ജയ്പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം. കേസ് ഒതുക്കി തീർക്കാൻ പോലീസ് ശ്രമിക്കുന്നതായി പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചു. ക്രിമിനൽ പ്രൊസീജ്യർ കോഡിലെ (സിആർപിസി) സെക്ഷൻ 164 പ്രകാരം ഇരകളുടെ മൊഴി വീണ്ടും മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസന്വേഷണത്തിൽ പോലീസ് നിഷ്ക്രിയരാണെന്നും കുടുംബം ആരോപിച്ചു.
അതേസമയം, കുടുംബത്തിന്റെ ആരോപണം പോലീസ് നിഷേധിച്ചു. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെക്ഷൻ 164 സിആർപിസി പ്രകാരം പെൺകുട്ടികളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള അപേക്ഷ കോടതി രണ്ട് തവണ നിരസിച്ചതാണെന്നും പോലീസ് പറഞ്ഞു. ഇതുവരെ ബലാൽസംഗം നടന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും, ലഭിച്ചാലുടൻ ആ വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കുമെന്നും ആണ് പോലീസ് വാദം.
സെപ്റ്റംബർ 19നാണ് രണ്ട് പെൺമക്കളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ച പോലീസ് കോട്ട എന്ന സ്ഥലത്താണ് പെൺകുട്ടികളെ കണ്ടെത്തിയത്. സെപ്റ്റംബർ 24ന് ശേഷമാണ് പെൺകുട്ടികളെ കുടുംബത്തിന് കൈമാറിയത്.
Also Read: യമുനാ നദിയിൽ മലിനീകരണ തോത് ഉയര്‍ത്തി ഖരമാലിന്യങ്ങള്‍; തലസ്ഥാനത്ത് ശുദ്ധജല ക്ഷാമം





































