കൊച്ചി: വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിൻമാറിയതിൽ മനംനൊന്ത് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത കേസിൽ സർക്കാർ നൽകിയ അപ്പീലിൽ കക്ഷിചേരാൻ റംസിയുടെ പിതാവ് എച്ച് റഹീമിന്റെ അപേക്ഷ. കേസിൽ സീരിയൽ നടി ലക്ഷ്മി പി പ്രമോദ്, ഭർത്താവ് അസറുദ്ദിൻ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതിശ്രുത വരൻ ഹാരിസ് പിൻമാറിയതിനെ തുടർന്ന് സെപ്റ്റംബർ 3ന് റംസി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ഹാരിസാണ് കേസിലെ ഒന്നാം പ്രതി. ഇയാളുടെ സഹോദരനാണ് അസറുദ്ദിൻ. കേസിന്റെ വസ്തുതകൾ കണക്കിലെടുക്കാതെയാണ് ലക്ഷ്മിക്കും അസറുദ്ദിനും മുൻകൂർ ജാമ്യം നൽകിയതെന്ന് സർക്കാർ ഹരജിയിൽ പറയുന്നു.
8 വർഷമായി റംസിയും ഹാരിസും പ്രണയത്തിലായിരുന്നു. 2019ൽ ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയിരുന്നെന്ന് പിതാവ് റഹീം പറഞ്ഞു. 5 ലക്ഷം രൂപ പലപ്പോഴായി ഹാരിസിന് നൽകി. റാഡോ വാച്ചും ഐഫോണും വിലപ്പിടിപ്പുള്ള മറ്റു സമ്മാനങ്ങളും ഹാരിസിന് നൽകിയിരുന്നു. എന്നാൽ വിവാഹനിശ്ചയത്തിനുശേഷം ഇയാൾ റംസിയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് ഒരുങ്ങിയെന്ന് പിതാവ് റഹീം പറയുന്നു.
നടി ലക്ഷ്മിയും ഭർത്താവും റംസിയെ നിർബന്ധിച്ച് ഷൂട്ടിംഗ് ലൊക്കേഷനുകളിലും മറ്റും കൊണ്ടുപോയിരുന്നു. ഹാരിസിൽ നിന്ന് ഗർഭിണിയായ റംസിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോയി ഗർഭഛിദ്രം നടത്തിപ്പിച്ചത് ഇവരാണെന്നും ഹരജിയിൽ പറയുന്നു.
Read also: കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി






































