തിരുവനന്തപുരം: 2025നകം മൂവായിരം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഘട്ടം ഘട്ടമായി പൊതുവാഹനങ്ങൾ ഇലക്ട്രിക് ആക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംയുക്ത സംരംഭം വഴി മൂവായിരം ബസുകൾ കെഎസ്ആർടിസിക്കു നൽകും. മലിനീകരണം കുറക്കാൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് സംസ്ഥാനം മാറുകയാണ്. 2025നകം ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നാല് മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സർക്കാരിന്റെ 100 ദിവസം 100 പദ്ധതികളുടെ ഭാഗമായി 50,000 പേർക്ക് തൊഴിലവസരമെന്ന പ്രഖ്യാപനം രണ്ട് മാസം കൊണ്ട് യാഥാർഥ്യമാക്കി. 60 ദിവസം പിന്നിടുമ്പോൾ 61,290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ചിലർ കെഫോൺ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇല്ലാത്ത ആക്ഷേപങ്ങൾ ഉന്നയിച്ച് ആശയകുഴപ്പം ഉണ്ടാക്കുകയാണ്. ഇതിന്റെ ചുവട് പിടിച്ച് കേന്ദ്ര അന്വേഷണ ഏജൻസികളും ഇടപ്പെടാൻ ശ്രമിക്കുന്നു. സർക്കാറിനെ വിവാദങ്ങൾ കൊണ്ട് പിൻതിരിപ്പിക്കാൻ കഴിയില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പിലാക്കുമെന്നും ഹീനമായ രാഷ്ട്രീയം കളിക്കുന്നവർ ഇത് ജനക്ഷേമത്തിന് എതിരാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National News: വിജയ്യുടെ രാഷ്ട്രീയ പ്രവേശനം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഔദ്യോഗിക സ്ഥിരീകരണം




































