ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍ പ്രതിരോധ താരം സ്‌റ്റീവന്‍ ടെയ്‌ലര്‍ ഐഎസ്എല്ലില്‍ ഒഡീഷ എഫ് സിയുടെ നായകനാകും. ഈ സീസണിലെ ടീമിന്റെ ഏറ്റവും വലിയ സൈനിംഗ് ആയ സ്‌റ്റീവന്‍ ടെയ്‌ലര്‍ ഇത്തവണ ഒഡീഷയെ നയിക്കുമെന്ന് പരിശീലകന്‍ സ്‌റ്റുവര്‍ട് ബാക്‌സ്‌റ്റര്‍ അറിയിച്ചു. ലീഗിലെ തന്നെ ഏറ്റവും മികച്ച നായകന്‍ ആയിരിക്കും ടെയ്‌ലര്‍ എന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പരിശീലന ഗ്രൗണ്ടില്‍ അടക്കം യുവതാരങ്ങളെ മുന്നോട്ട് നയിക്കുന്നത് ടെയ്‌ലര്‍ ആണെന്നും അദ്ദേഹത്തിന്റെ ടീമിന് അദ്ദേഹത്തിന്റെ ഗുണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ബാക്‌സ്‌റ്റര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ സ്‌ഥാനം ലഭിച്ചതില്‍ താന്‍ സന്തുഷ്‌ടനാണെന്ന് ടെയ്‌ലര്‍ പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ ഒരു കുടുംബമാണെന്നും ഓരോ പരിശീലന സെഷനിലും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 23ന് ഹൈദരാബാദ് എഫ്സിക്കെതിരെ നടക്കുന്ന മല്‍സരത്തില്‍ ടെയ്‌ലര്‍ ടീമിനെ നയിക്കും.
പ്രീമിയര്‍ ലീഗില്‍ നിരവധി തവണ കളിച്ചിട്ടുള്ള താരമാണ് സ്‌റ്റീവന്‍ ടെയ്‌ലര്‍. ന്യൂകാസില്‍ യുണൈറ്റഡിന്റെ പ്രതിരോധനിരയില്‍ ഒരു ദശകത്തിലേറെ കാലംകളിച്ച ടെയ്‌ലര്‍ അവസാന വര്‍ഷങ്ങളില്‍ ന്യൂസിലന്‍ഡ് ക്‌ളബ്ബായ വെല്ലിംഗ്ടണ്‍ ഫീനിക്‌സിന്റെ ക്യാപ്റ്റനായിരുന്നു.
Read Also: ഉലകനായകന് പിറന്നാള്‍ സമ്മാനം; പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്







































