ആമ്പല്ലൂർ: തൃശൂർ പാലിയേക്കര ടോൾ പ്ളാസയിൽ ഗതാഗതകുരുക്ക് രൂക്ഷമായതിനെ തുടർന്ന്, ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തി വിട്ട് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. ശനിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം.
ടോൾ പ്ളാസക്ക് ഇരുവശത്തുമായി ഒരു കിലോമീറ്ററിൽ ഏറെയായി വാഹനങ്ങളുടെ നീണ്ട നിരയിലായിരുന്നു. ആംബുലൻസ് അടക്കമുള്ള അവശ്യ സർവീസുകൾ അരമണിക്കൂറോളം ഗതാഗത കുരുക്കിൽപെട്ടു. ഫാസ്‌ടാഗ് ട്രാക്കുകളിലും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഗതാഗത കുരുക്ക് രൂക്ഷമായിട്ടും വാഹനങ്ങൾ കടത്തിവിടാൻ ടോൾ പ്ളാസ അധികൃതർ നടപടികൾ സ്വീകരിച്ചില്ല. ഇതിനെ തുടർന്നാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
10 മിനിറ്റിലേറെ സമയം പ്രവർത്തകർ ടോൾ ബൂത്തുകൾ തുറന്നുവിട്ടു. യുവമോർച്ച പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപി പുതുക്കാട് മണ്ഡലം പ്രസിഡണ്ട് എജി രാജേഷ് പ്രതിഷേധം ഉൽഘാടനം ചെയ്‌തു. യുവമോർച്ച മണ്ഡലം പ്രസിഡണ്ട് നിഖിൽ മാളിയേക്കൽ, മനു വെള്ളിക്കുളങ്ങര, ബിനോയ് പഴേരി, അമ്പാടി മേപ്പുറത്ത്, അഖിൽ കല്ലൂർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Read also: ലൈഫ് മിഷൻ; ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്






































