‘അല്‍ കരാമ‘ എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയില്‍ പാടാനൊരുങ്ങി പ്രശസ്‌ത ഗായകന്‍ കുമാര്‍ സാനു. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം മഞ്‌ജു വാര്യര്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയ താരങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.
ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അല്‍ കരാമ’ വണ്‍ വേള്‍ഡ് എന്റർടെയിൻമെന്റിന്റെ ബാനറില്‍ നവാഗതനായ റെഫി മുഹമ്മദ് ആണ് സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.
ബി.കെ. ഹരിനാരായണന്‍, ഷാഫി കൊല്ലം, വിഷ്‌ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസര്‍ മാലിക് ആണ് സംഗീതം പകരുന്നത്.
പ്രധാനമായും ബോളിവുഡില്‍ ഗാനമാലപിക്കുന്ന കുമാര്‍ സാനു തെന്നിന്ത്യന്‍ ഭാഷകളില്‍ ഉള്‍പ്പടെ പാടിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതുവരെയും ഗാനം ആലപിച്ചിട്ടില്ല. 2009 ല്‍ രാജ്യം പത്‍മശ്രീ നല്‍കി ആദരിച്ച ഗായകന്‍ കൂടിയാണ് അദ്ദേഹം. ഒക്‌ടോബര്‍ പകുതിയോടെ കോവിഡ് ബാധിച്ച കുമാര്‍ സാനു പോയ വാരം കോവിഡ് മുക്‌തനായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
മധു ബാലകൃഷ്‌ണന്‍, ഷാഫി കൊല്ലം എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗായകര്‍. ജാസി ഗിഫ്റ്റാണ് ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കുന്നത്.
Read Also: ‘ജാന്‍.എ.മനി’ലൂടെ സംവിധായകനാവാന്‍ നടന്‍ ഗണപതിയുടെ സഹോദരന്‍







































