വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. എല്ലാം കാലം പറയും എന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഒരാഴ്‌ചയോളം മൗനം പാലിച്ച ട്രംപ് കോവിഡ് വാക്‌സിനുള്ള അംഗീകാരവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഈ പ്രസ്‌താവന നടത്തിയത്. വാക്‌സിൻ പ്രവർത്തനങ്ങളെ കുറിച്ച് നടത്തിയ പ്രസംഗത്തിൽ, ഇനി വൈറസിന്റെ വ്യാപനം തടയാൻ ലോക്ക് ഡൗണിലേക്ക് പോകില്ലെന്നും വ്യക്‌തമാക്കി.
“നമ്മള്‍ ലോക്ക് ഡൗണിലേക്ക് ഇനിയൊരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനമെടുക്കില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്നും ആരാണ് ഭരണത്തിലുണ്ടാവുകയെന്നും ആര്‍ക്കറിയാം. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരികയെന്ന്,”- ട്രംപ് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ അട്ടിമറിയുണ്ടായി എന്ന ആരോപണമാണ് ട്രംപ് ഉന്നയിച്ചിരുന്നത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് താന്‍ വൈറ്റ് ഹൗസില്‍ നിന്ന് പുറത്തുപോകില്ലെന്നു വരെ പറഞ്ഞിരുന്നു.
Kerala News: വാക്‌സിന്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; സംസ്‌ഥാനത്ത് വിവരശേഖരണം തുടങ്ങി






































