പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ മലയാളത്തിലെ യുവനടന്‍ ഉണ്ണി മുകുന്ദന്റെ ഒരു ഗംഭീര ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ‘പപ്പ’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പയസ് പരുത്തിക്കാടന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ മോഷന്‍ ടീസര്‍ റിലീസ് ചെയ്‌തു കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, മമ്മൂട്ടി, നിവിന്‍പോളി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ മോഷന്‍ ടീസര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ റിലീസ് ചെയ്‌തത്.
വിഷ്‌ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പയസ് പരുത്തിക്കാടന്‍ എന്ന രാഷ്‌ട്രീയനേതാവിന്റെ രൂപത്തിലാണ് ഉണ്ണി പ്രത്യക്ഷപ്പെടുന്നതെന്നാണ് ടീസര്‍ വ്യക്‌തമാക്കുന്നത്. ഖദറും, കുരുശുമാലയും ഒക്കെയായി ഒരു മാസ് രൂപത്തിലാണ് ടീസറില്‍ ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുന്നത്. ഉണ്ണിയുടെ ചിത്രങ്ങളില്‍ മികച്ച ഒരു കഥാപാത്രം തന്നെയായിരിക്കും ഇതെന്ന് ചൂണ്ടിക്കാണിക്കുന്ന തരത്തിലാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിലവില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷമായിരിക്കും പപ്പയുടെ ചിത്രീകരണം ആരംഭിക്കുക.
സംവിധായന്‍ തന്നെയാണ് പപ്പയുടെ രചന നിര്‍വഹിക്കുന്നതും. നവരാത്രി യുണൈറ്റഡ് വിഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദാണ്.
Read also : ജോര്‍ജുകുട്ടിയില്‍ നിന്നും നെയ്യാറ്റിന്‍കര ഗോപനിലേക്ക്; പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷം പുറത്ത്




































