മാനന്തവാടി: വയനാട് മാനന്തവാടി പനവല്ലിയിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ വനപാലകരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. 13 ദിവസമായി തുടരുന്ന കടുവ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചത്.
പ്രദേശത്തെ വളർത്തുമൃഗങ്ങൾക്ക് നേരെയുള്ള കടുവയുടെ ആക്രമണം പതിവാകുകയാണ്. മിക്ക ദിവസങ്ങളിലും വൈകുന്നേരവും രാവിലെയുമെല്ലാം വാഹനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടും തെളിവില്ലെന്ന കാരണം പറഞ്ഞ് കടുവയെ കൂടുവെച്ച് പിടികൂടാൻ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കാൽനടയാത്രക്കാർക്ക് മുന്നിലും കടുവ പ്രത്യക്ഷപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പ്രതിഷേധം ഉയരുമ്പോൾ മാത്രം വനപാലകർ പ്രദേശത്തെത്തി നാട്ടുകാരെ വിഡ്ഢികളാക്കുകയാണെന്നും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കടുവയെ പിടികൂടി ഉടൻ ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ പറഞ്ഞു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും പ്രദേശവാസികൾ അറിയിച്ചു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വയനാട് ഡിഎഫ്ഒയുടെയും വനപാലകരുടെയും നേതൃത്വത്തിൽ ക്യാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്.
Read also: വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി







































