കൊച്ചി: താര സംഘടനയായ എഎംഎംഎയില്‍ നിന്ന് ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. യോഗം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. പ്രസിഡണ്ട് മോഹന്‍ലാല്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
എക്സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ബിനീഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. സംഘടനയില്‍ 2009 മുതല്‍ ആജീവനാന്ത അംഗത്വമാണ് ബിനീഷ് കോടിയേരിക്കുളളത്.
നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ എഎംഎംഎയില്‍ നിന്ന് പുറത്താക്കിയിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഇഡി അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ദിലീപിനെതിരേ സ്വീകരിച്ച നടപടി തന്നെ ബിനീഷിനെതിരേയും സ്വീകരിക്കണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. സംഘടനയുടെ നിയമം അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുളളത്.
യോഗത്തിന് മുന്‍പ് തന്നെ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, അക്രമത്തിനിരയായ നടിക്കെതിരായി ഇടവേള ബാബു നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എംഎൽഎയുടെ പിഎയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞിരുന്നു. രചന നാരായണന് കുട്ടിയും സമാനമായ പ്രതികരണം നടത്തിയിരുന്നു.









































