കോവിഡ് മഹാമാരി ലോകത്താകമാനം വന്‍ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. രോഗവ്യാപനത്തെ തടയാനും പ്രതിരോധ മാര്‍ഗങ്ങള്‍ തേടാനും ഇന്നും പല ലോകരാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇപ്പോഴിതാ കോവിഡിനെ പിടിച്ചു കെട്ടാന്‍ പുരുഷ ഭരണാധികാരികളെക്കാളും സ്ത്രീ ഭരണാധികാരികള്‍ക്കാണ് കൂടുതല്‍ കഴിഞ്ഞതെന്ന പഠനവുമായി എത്തിയിരിക്കുകയാണ് സെന്റര്‍ ഫോര്‍ എക്കണോമിക് പോളിസി റിസര്‍ച്ചും വേള്‍ഡ് എക്കണോമിക് ഫോറവും. പുരുഷന്മാരെക്കാള് സ്ത്രീകള്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ മികച്ച രീതിയില്‍ കോവിഡ് ഭീഷണിയെ നേരിട്ടുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
സെന്റര്‍ ഫോര്‍ എക്കണോമിക് പോളിസി റിസര്‍ച്ചും വേള്‍ഡ് എക്കണോമിക് ഫോറവും 194 രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികളെ പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തലുകളുമായി എത്തിയിരിക്കുന്നത്. ഇതില്‍ 19 രാജ്യങ്ങളില്‍ മാത്രമാണ് വനിതകള്‍ ഭരണം കൈയ്യാളുന്നത്. ഈ രാജ്യങ്ങളിലെ ജനസംഖ്യ, സാമൂഹ്യ – സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് വിലയിരുത്തല്‍. പുരുഷന്മാര് ഭരിക്കുന്ന രാജ്യങ്ങളെക്കാള്‍ ഇരട്ടിയോളം ജീവനുകള്‍ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ സ്ത്രീ നേതാക്കള്‍ക്ക് കഴിഞ്ഞുവെന്നാണ് പഠനം കണ്ടെത്തുന്നത്.
വനിതകളായ നേതാക്കള്‍ കോവിഡിനെതിരെ സ്വീകരിച്ച അടിയന്തിര ഇടപെടലുകളും അവര്‍ സ്വീകരിച്ച സമീപനങ്ങളുമാണ് കോവിഡിനെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കുന്നതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ സമയത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതും ഗുണകരമായി. ഇതിനുദാഹരണമാണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ കോവിഡിനെതിരെ സ്വീകരിച്ച നയങ്ങള്‍. ന്യൂസിലന്‍ഡില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അവര്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. ശേഷം 100 ദിവസം കഴിഞ്ഞു രാജ്യത്ത് കോവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തെങ്കിലും സമയം പാഴാക്കാതെ ഓക്ലന്ഡില് ലോക്ക് ഡൗണ്‍ പുനസ്ഥാപിക്കുകയും പൊതുതിരഞ്ഞെടുപ്പ് നീട്ടിവെക്കുകയുമാണ് അവര്‍ ചെയ്തത്.
ബംഗ്ലാദേശില്‍ ഷെയ്ക്ക് ഹസീന സ്വീകരിച്ച നയങ്ങളെ കുറിച്ചും പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1.3 ശതമാനമാണ് അവിടുത്തെ മരണ നിരക്ക്. ആംഗല മെര്‍ക്കല്‍ ഭരിക്കുന്ന ജര്‍മനിക്കും കോവിഡിനെ വിദഗ്ദമായി നേരിടാന്‍ കഴിഞ്ഞു. മെറ്റ ഫ്രെഡറിക്സണ് ഭരിക്കുന്ന ഡെന്മാര്ക്കില് മാര്‍ച്ച് 12 നുതന്നെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി കൃത്യ സമയത്ത് കോവിഡിനെ നേരിട്ടു. ത്സായി ഇങ് വെന്‍ ഭരിക്കുന്ന തായ്വാനും കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത് എന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍, രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ഘടന കൂടി പരിഗണിച്ചാണ് പുരുഷ നേതാക്കള്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുത്തതെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.







































