മലയാളസിനിമാ മേഖലയില്‍ തന്റേതായ സ്‌ഥാനം നേടിയ ആളാണ് മുരളി ഗോപി. തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരം ഇപ്പോഴിതാ തന്റെ പുതിയ ചുവടുവെപ്പിനെ കുറിച്ച് പ്രേക്ഷകരോട് പങ്ക് വച്ചിരിക്കുകയാണ്. താന്‍ ആദ്യമായി നിര്‍മ്മാണം നിര്‍വഹിക്കാന്‍ പോകുന്ന ചിത്രത്തെ കുറിച്ചാണ് മുരളി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് മുരളി ഗോപി ഇക്കാര്യം വ്യക്‌തമാക്കിയത്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് മുരളി നിര്‍മ്മാണ രംഗത്തേക്ക് കടന്നു വരുന്നത്. ചിത്രത്തില്‍ സഹനിര്‍മ്മാതാക്കളായി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസും, രതീഷ് അമ്പാട്ടും എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും മുരളി ഗോപി തന്നെയാണ്. ജനുവരി രണ്ടാം തീയതി ടൈറ്റില്‍ പുറത്തുവിടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് മുരളി വ്യക്‌തമാക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചോ, അഭിനേതാക്കളെ കുറിച്ചോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന എമ്പുരാന് മുന്‍പ് തന്നെ താന്‍ നിര്‍മ്മാതാവാകുന്ന ചിത്രത്തിന്റെ പ്രവര്‍ത്തങ്ങള്‍ തുടങ്ങുമെന്നാണ് മുരളി വ്യക്‌തമാക്കുന്നത്. രതീഷ് അമ്പാട്ട് സംവിധായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന വിവരം മുരളി നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിലും പങ്കാളിയാകുന്ന വിവരം ഇപ്പോഴാണ് പ്രേക്ഷകരുമായി പങ്ക് വെക്കുന്നത്.
Read also : ‘മൂത്തോനെ’ തേടി വീണ്ടും അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍







































