
നാദാപുരം: പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ഒരു കുടുംബത്തിലെ 5 പേരെ 2 വിദ്യാർഥികൾ സാഹസികമായി രക്ഷിച്ചു. വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു സമീപമാണ് സംഭവം നടന്നത്.
വാണിമേൽ സിസി മുക്കിലെ പടിക്കലകണ്ടി അമ്മതിന്റെയും സുബൈദയുടെയും മകൻ കല്ലാച്ചി ഹൈടെക് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി മുഹൈമിൻ (15), വയലിൽ മൊയ്‌തുവിന്റെയും അസ്‌മയുടെയും മകൻ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി ഷാമിൽ (14) എന്നിവരാണ് ഒരു കുടുംബത്തിന് രക്ഷകരായത്.
പരപ്പുപാറയിലെ വ്യാപാരി കൂട്ടായിച്ചാലിൽ സുരേന്ദ്രന്റെ മകൾ ബിൻഷി (22), സുരേന്ദ്രന്റെ സഹോദരി സൗമിനിയുടെ മകൾ ബെംഗളൂരുവിൽ നിന്നെത്തിയ സജിത (36), ഇവരുടെ മകൻ സിഥുൻ (13), മറ്റൊരു സഹോദരി കല്ലുനിര സ്വദേശി ഷീജയുടെ മക്കളായ ആശിലി (23), അഥുൻ (15) എന്നിവരെയാണ് മുഹൈമിനും ഷാമിലും രക്ഷിച്ചത്.
സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനം കഴിഞ്ഞു പുഴയിൽ കൈകാലുകൾ കഴുകാൻ പോയ മുഹൈമിനും ഷാമിലും ബഹളം കേട്ടാണ് ഓടിയെത്തിയത്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുറവിളി കേട്ടതും ഇരുവരും പുഴയിലേക്ക് ചാടുകയായിരുന്നു.
Read Also: നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിൽ സഞ്ചാരികൾ; 35 പേർക്ക് പിഴ






































