കാസർഗോഡ്: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്‌റ്റിലായ പ്രദീപ് കോട്ടത്തല വെറും കൂലിക്കാരനാണെന്നും പിന്നിൽ വൻ ഗൂഢാലോചയുണ്ടെന്നും കേസിലെ മാപ്പുസാക്ഷി. പ്രദീപ് കോട്ടത്തല അറസ്‌റ്റിലായതിന് പിന്നാലെയാണ് മാപ്പുസാക്ഷി വിപിൻ ലാലിന്റെ പ്രതികരണം.
കേസ് അട്ടിമറിക്കുന്നതിനും തന്നെ സ്വാധീനിക്കുന്നതിനും പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രദീപിനെ അയച്ചത് മറ്റാരോ ആണെന്നും വിപിൻ ലാൽ പറഞ്ഞു.
കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിനെ പത്തനാപുരത്തെ ഓഫീസിൽ നിന്ന് ബേക്കൽ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. പ്രദീപ് കോട്ടത്തല അറസ്‌റ്റിലായതിന് പിന്നാലെ ഇയാളെ പേഴ്‍സണൽ സ്‌റ്റാഫിൽ നിന്ന് പുറത്താക്കിയെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ദിലീപിന് അനുകൂലമായി മൊഴി നൽകാൻ വിപിൻ ലാലിനെ പ്രദീപ് കാസർഗോഡെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഇതിന് പോലീസിന്റെ പക്കൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് സൂചന. ഒന്നര മാസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രദീപാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. കാഞ്ഞങ്ങാട്ടെ ഓട്ടോക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പോലീസിനു തുണയായി.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി വീണ്ടും പരാതി ഉയർന്നിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായ ജിൻസനാണ് പരാതി നൽകിയിരിക്കുന്നത്. പ്രതിക്ക് അനുകൂലമായി മൊഴി നൽകിയാൽ അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്‌ദാനം ചെയ്‌തെന്നാണ് പരാതി.
Also Read: രഹ്‌നാ ഫാത്തിമ സമൂഹ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നത് വിലക്കി ഹൈക്കോടതി







































