തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കസ്‌റ്റഡിയില്‍ വിട്ട് നല്‍കാനായി കോടതിയെ സമീപിച്ച് കസ്‌റ്റംസ്. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്‌റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. 10 ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ കോടതി നാളെ പരിഗണിക്കും.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്ന സ്വപ്‍ന സുരേഷിന്റെ മൊഴിയെ തുടര്‍ന്നാണ് കസ്‌റ്റംസ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കാക്കനാട് ജയിലില്‍ കഴിഞ്ഞിരുന്ന ശിവശങ്കറിനെ ഇന്ന് രാവിലെയാണ് കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റി ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്നും, കേസുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നും അതിനായി വിശദമായ അന്വേഷണം നടത്താന്‍ ശിവശങ്കറിന്റെ കസ്‌റ്റഡി അനുവദിക്കണമെന്നുമാണ് കസ്‌റ്റംസ് നല്‍കിയ അപേക്ഷയില്‍ വ്യക്‌തമാക്കുന്നത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ശിവശങ്കറിനെ ആദ്യം അറസ്‌റ്റ് ചെയ്‌തത് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റാണ്. അതിന് പിന്നാലെ കേസുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കസ്‌റ്റംസ് ശിവശങ്കറിനെയും, സ്വപ്‍ന സുരേഷിനെയും ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ഇപ്പോള്‍ ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് സ്വപ്‍നയേയും, സരിത്തിനെയും കസ്‌റ്റഡിയില്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയും നാളെ പരിഗണിക്കും.
Read also : തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം; 18 സീറ്റിൽ എതിരില്ലാതെ വിജയം







































