ഡിസംബർ 5, 6 തീയതികളിൽ ഓൺലൈൻ സ്ട്രീമിംഗ് പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ് ഇന്ത്യക്കാർക്കായി സൗജന്യ സേവനം ഒരുക്കുന്നു. വരിക്കാർ അല്ലാത്തവർക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്‌സ് ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ കഴിയും. ഇതിനുവേണ്ടി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങളൊന്നും നൽകേണ്ടതില്ല.
സ്ട്രീം ഫെസ്‌റ്റ് എന്ന പേരിൽ പരീക്ഷണ അടിസ്‌ഥാനത്തിൽ നെറ്റ്ഫ്ളിക്‌സ് ഒരുക്കുന്ന പ്രൊമോഷണൽ ഓഫറാണിത്. പരീക്ഷണം വിജയകരമായാൽ മറ്റു രാജ്യങ്ങളിലും നെറ്റ്ഫ്ളിക്‌സ് സ്ട്രീം ഫെസ്‌റ്റ് നടത്തിയേക്കും.
- നെറ്റ്ഫ്ളിക്‌സിന്റെ വരിക്കാർ അല്ലാത്തവർക്ക് വേണ്ടിയാണ് സ്ട്രീം ഫെസ്‌റ്റ് നടത്തുന്നത്. അതായത് പുതിയ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് വേണ്ടിയാണ് ഈ ഓഫർ.
- ഇതിനായി നെറ്റ്ഫ്ളിക്‌സ് ആപ്പ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.
- ആപ്പ് ഡൗൺലോഡ് ചെയ്‌തതിന് ശേഷം പേരും ഫോൺ നമ്പറും ഇമെയിൽ ഐഡിയും പാസ്‍വേഡും നൽകി നെറ്റ്ഫ്ളിക്‌സിൽ അക്കൗണ്ട് തുറക്കുക.
- പുതിയ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞാൽ ഡിസംബർ 5, 6 തീയതികളിൽ നെറ്റ്ഫ്ളിക്‌സിലെ എല്ലാ ഉള്ളടക്കവും ആസ്വദിക്കാൻ കഴിയും.
നെറ്റ്ഫ്ളിക്‌സിന്റെ എല്ലാ സൗകര്യങ്ങളും ഇതിലൂടെ ലഭ്യമാകും. കൂടാതെ സ്‌മാർട് ടിവി, ഗെയിമിംഗ് കൺസോൾ, ആൻഡ്രോയ്‌ഡ് ആപ്പുകൾ, പിസി എന്നിവയിലൂടെയെല്ലാം നെറ്റ്ഫ്ളിക്‌സ് കാണാം. എന്നാൽ സ്‌റ്റാൻഡേർഡ് ഡെഫനിഷനിൽ മാത്രമേ വീഡിയോകൾ കാണാൻ സാധിക്കൂ. എച്ച്ഡി വീഡിയോകൾ കാണണമെങ്കിൽ നെറ്റ്ഫ്ളിക്‌സ് വരിക്കാർ ആകേണ്ടി വരും.
ഇന്ത്യയിലെ ഉപയോക്‌താക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് നെറ്റ്ഫ്ളിക്‌സ് സ്ട്രീം ഫെസ്‌റ്റ് ഒരുക്കുന്നത്. ഇന്ത്യക്കാർക്കായി 199 രൂപയുടെ പ്ളാനും നെറ്റ്ഫ്ളിക്‌സ് അവതരിപ്പിച്ചിട്ടുണ്ട്.
Read also: ‘വീ ക്യാന്‍ ബീ ഹീറോസ്’; പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി







































