പാനൂർ: കണ്ണൂർ ജില്ലയിലെ കടവത്തൂർ മേഖലയിൽ വ്യാപക സംഘർഷം. നാല് വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസ് പ്രതിയും ബിജെപി നേതാവുമായ പത്‌മരാജന്റെ ബൈക്ക് കത്തിച്ചു.
ഈ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയായി മൽസരിച്ച സുലൈഖയുടെ വീടിന് നേരെയാണ് ആദ്യ ബോംബേറ് ഉണ്ടായത്. ഇതിന് പിന്നാലെ ലീഗ് പ്രവർത്തകൻ വാർപ്പിൽ നാസറിന്റെ വീടിന് നേരെയും ഒരു സംഘം ബോംബെറിഞ്ഞു. തുടർന്ന്, ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച പെരുവാമ്പ്ര ഷാനിമയുടെയും ബിജെപി പ്രവർത്തകൻ കണിയാംകുന്നുമ്മേൽ ജയപ്രകാശിന്റെയും വീടുകൾക്ക് നേരെ ബോംബേറ് നടന്നു. ആക്രമണത്തിൽ വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് ആക്രമണം നടന്നത്.
പത്‌മരാജന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് അക്രമികൾ കത്തിച്ചത്. വീട്ടിൽ പത്‌മരാജന്റെ അമ്മയും സഹോദരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് ബിജെപി നേതാവ് വിപി ബാലന്റെ ആരോപണം. കൊളവല്ലൂർ എസ്എച്ഒ ലതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്‌ഥലങ്ങൾ ബോംബ്, ഡോഗ് സ്‌ക്വാഡുകൾ പരിശോധിച്ചു.
Also Read: ഔഫ് വധക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും







































