തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. തുടർന്ന് കൂൾ ഓഫ് ടൈം (സമാശ്വാസ സമയം) അര മണിക്കൂറാക്കാനും ധാരണ ആയി. കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ അവ വായിച്ച് മനസിലാക്കാൻ കുട്ടികൾക്ക് കൂടുതൽ സമയം വേണ്ടി വരുമെന്നതിനാലാണ് കൂൾ ഓഫ് ടൈം കൂട്ടാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കഴിഞ്ഞ വർഷം 15 മിനിറ്റായിരുന്നു കൂൾ ഓഫ് ടൈം.
മാതൃകാ ചോദ്യപേപ്പർ തയാറാക്കി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മാതൃകാ പരീക്ഷയും നടത്തും. ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി 31നുള്ളിൽ ഓൺലൈൻ ക്ളാസു കൾ വഴി പാഠഭാഗങ്ങൾ പൂർണമായി കൂട്ടികളിലെത്തിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ മാർച്ച് 16 വരെ ക്ളാസ് റൂം പഠനത്തിന് അവസരമൊരുക്കും. മാർച്ച് 17 മുതൽ 30 വരെയാണു പരീക്ഷകൾ നടത്തുക.
എഴുത്തുപരീക്ഷ കഴിഞ്ഞ് തയാറെടുപ്പിന് ഒരാഴ്ച സമയം അനുവദിച്ചാകും പ്രാക്റ്റിക്കൽ പരീക്ഷ. ക്ലാസ് റൂം പഠനത്തിൽ ഏതെല്ലാം പാഠഭാഗങ്ങളാണു ശ്രദ്ധിക്കേണ്ടതെന്ന വിവരം ഈ മാസം 31നുള്ളിൽ സ്കൂളുകളെ അറിയിക്കും. ഈ പാഠഭാഗങ്ങളിൽ അധ്യാപകർ റിവിഷൻ ഉറപ്പാക്കണമെന്നും ഉന്നതതല യോഗം നിർദ്ദേശിച്ചു. സ്കൂൾ പ്രവർത്തനവും പരീക്ഷയും സംബന്ധിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ധാരണ ലഭിക്കാൻ ക്ളാസ് അടിസ്ഥാനത്തിൽ രക്ഷകർതൃ യോഗം വിളിക്കണം. ഈ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം രക്ഷിതാക്കൾക്ക് കേൾക്കാനുള്ള സൗകര്യം സ്കൂൾ അധികൃതർ ഒരുക്കണം.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രത്യേക പിന്തുണ ആവശ്യമുള്ളതിനാൽ അതിനു വേണ്ടി മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും യോഗത്തിൽ പറഞ്ഞു.
Also Read: ഒരു വര്ഷം കാർഷിക നിയമം നടപ്പാക്കാന് അനുവദിക്കണം; രാജ്നാഥ് സിംഗ്








































