പാലക്കാട് : കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന പട്ടികയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ നിന്നും ഉള്‍പ്പെടുന്നത് കാല്‍ലക്ഷത്തോളം ആളുകള്‍. ഇവരില്‍ 22,800 ആളുകളുടെ വിവരശേഖരണവും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്‌തമാക്കി. പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ജനുവരി പകുതിയോടെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
വാക്‌സിനേഷനുമായി ബന്ധപ്പെട്ട പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കി കഴിഞ്ഞു. ഇനി മറ്റ് വകുപ്പുകളിലെ ജീവനക്കാരുടെ സഹകരണം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ 30ന് ജില്ലാ തല ടാസ്‌ക് ഫോഴ്‌സ് യോഗം ചേരും. വാക്‌സിനേഷന്‍ ആരംഭിക്കുന്നതോടെ വാക്‌സിന്‍ സ്വീകരിക്കുന്ന വ്യക്‌തികള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും. എങ്കിലും ഇവരുടെ ദൈനംദിന കാര്യങ്ങള്‍ക്ക് തടസം ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്‌തിമാക്കി. ഇവര്‍ക്ക് വാക്‌സിനേഷന്‍ മൂലം എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോയെന്നാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്.
കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ആളുകള്‍ക്ക് അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്എംഎസ് വഴി ലഭിക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങള്‍ക്ക് ശേഷം അടുത്ത ഡോസ് കൂടി കുത്തിവെക്കുമ്പോള്‍ മാത്രമേ വാക്‌സിനേഷന്‍ പൂര്‍ത്തിയാകുകയുള്ളൂ. പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, ജില്ലാ വനിതാ ശിശു ആശുപത്രി, ജില്ലാ ആശുപത്രികള്‍ എന്നിവ വഴിയായിരിക്കും വാക്‌സിനേഷന്‍ സംഘടിപ്പിക്കുക. അത്യാവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണവും തേടുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
Read also : കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പഞ്ചായത്തംഗം മരിച്ചു







































