മലപ്പുറം : ജില്ലയിലെ വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി വാര്‍ഡ് അംഗമായ വാണിയമ്പലം സികെ മുബാറക് അന്തരിച്ചു. 61 വയസായിരുന്നു. ഡിസിസി അംഗം കൂടിയായ മുബാറകിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ന്യുമോണിയ ബാധിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുബാറക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുമ്പോഴാണ് മരിച്ചത്.
ഒറ്റ സീറ്റിന്റെ മുന്‍തൂക്കത്തിലാണ് വണ്ടൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചത്. അതിനാല്‍ തന്നെ സത്യപ്രതിജ്‌ഞ നിർണായകമായതിനാല്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുബാറക് ആംബുലന്‍സില്‍ എത്തി സത്യപ്രതിജ്‌ഞ പൂര്‍ത്തിയാക്കിയിരുന്നു.
സത്യപ്രതിജ്‌ഞക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അംഗമെന്നതിനപ്പുറം വണ്ടൂര്‍ സഹ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കമ്മിറ്റി പ്രസിഡന്റും നിലമ്പൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഡയറക്‌ടറും ആയിരുന്നു. ആശുപത്രിയിലെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം സംസ്‌കരിച്ചു. വാണിയമ്പലം വനിതാ സഹകരണ സംഘം പ്രസിഡണ്ട് അനീസയാണ് മരിച്ച മുബാറകിന്റെ ഭാര്യ.
Read also : അനീഷിന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചു, തെളിവെടുപ്പ് ഇന്ന്