ന്യൂഡെല്‍ഹി : രാജ്യതലസ്ഥാനത്ത് കര്‍ഷക സംഘടനകള്‍ നയിക്കുന്ന സമരം 32ആം ദിവസത്തിലേക്ക് കടന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച കര്‍ഷകര്‍ ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ മന് കീ ബാത് പരിപാടി ബഹിഷ്കരിക്കുമെന്നും വ്യക്തമാക്കി. പരിപാടി നടക്കുന്ന സമയം പാത്രം കൊട്ടിയും, കൈകള്‍ കൊട്ടിയും തങ്ങളുടെ പ്രതിഷേധം അറിയിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചത്.
അതേസമയം തന്നെ 29ആം തീയതി കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തും. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന തങ്ങളുടെ ആവശ്യത്തില്‍ മാറ്റം ഉണ്ടാകില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സമരം പ്രതിദിനം ശക്തമാകുകയാണ്. കര്‍ഷകര്‍ നയിക്കുന്ന റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലാണ്. കൂടാതെ ദേശീയപാതകളില്‍ ടോള്‍ പിരിവ് തടസപ്പെടുത്തികൊണ്ടുള്ള ഉപരോധവും കര്‍ഷകര്‍ തുടരുന്നുണ്ട്.
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധം അറിയിച്ച് കൊണ്ട് ആര്‍എല്‍പി കൂടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടാതെ ആര്‍എല്‍പി ഡെല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 30ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രാക്ടറുകളിൽ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 29ന് നടക്കുന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍, താങ്ങുവില രേഖാമൂലം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങളിൽ ചര്‍ച്ച വേണമെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read also : മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്; മത, സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും






































