മധുര: 4 വർഷത്തിനിടെ 16കാരിയെ പീഡിപ്പിച്ചത് 200ഓളം പേർ. സംഭവത്തിൽ, പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്‌ത പിതൃസഹോദരി അടങ്ങുന്ന സെക്‌സ് റാക്കറ്റ് പോലീസ് പിടിയിലായി. തമിഴ്‌നാട് മധുരയിലാണ് 16കാരി കൊടുംക്രൂരതക്ക് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതൃസഹോദരി ഉൾപ്പടെ 6 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ബുധനാഴ്‌ചയാണ് സെക്‌സ് റാക്കറ്റിൽ നിന്നും പെൺകുട്ടിയെ മോചിപ്പിച്ചത്. പെൺകുട്ടിയുടെ പിതൃസഹോദരി അന്നലക്ഷ്‌മി (യഥാർഥ പേരല്ല)(45), ചന്ദ്രകല (56), അനാർക്കലി (58), തങ്കം (44), സുമതി (45), ശ്രാവണപ്രഭു (30) എന്നിവരാണ് പോലീസ് പിടിയിലായത്. സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരായ ഇവർ നിരവധി പേർക്ക് പെൺകുട്ടിയെ കൈമാറിയെന്നാണ് വിവരം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ.
പിതാവിന്റെ മരണത്തെ തുടർന്നാണ് പെൺകുട്ടിയുടെ സംരക്ഷണം സെക്‌സ് റാക്കറ്റിൽ ഉൾപ്പെട്ട പിതൃസഹോദരി ഏറ്റെടുത്തത്. പെൺകുട്ടിയുടെ അമ്മ മാനസിക രോഗിയായിരുന്നു. എന്നാൽ സംരക്ഷണം ഏറ്റെടുത്ത പിതൃസഹോദരി പെൺകുട്ടിയെ മറ്റുള്ളവർക്ക് കൈമാറി. എട്ടാം ക്ളാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന പെൺകുട്ടിയെ കഴിഞ്ഞ 4 വർഷത്തിനിടെ 200 പേർ പീഡിപ്പിച്ചെന്നാണ് പോലീസ് നൽകുന്ന വിവരം.
പിതൃസഹോദരി മുഖേന ഇടപാടുകാർ വരാതെ ആയതോടെ മറ്റുള്ളവരുടെ സഹായത്തോടെ പുതിയ ഇടപാടുകാരെ കണ്ടെത്തി. പിന്നീട് സുമതിയുടെ വീട്ടിലായിരുന്നു പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്. മൊബൈൽ ഫോൺ, പണം, സ്വർണാഭരണങ്ങൾ തുടങ്ങിയവ നൽകി പെൺകുട്ടിയെ ഇവർ പ്രലോഭിപ്പിക്കുകയും ചെയ്‌തു. പെൺകുട്ടിയെ ഉപയോഗിച്ച് സംഘം പതിനായിരങ്ങൾ സമ്പാദിച്ചെന്നാണ് പോലീസ് പറയുന്നത്.
പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഇടക്കിടെ ഇവർ സ്‌ഥലം മാറിയിരുന്നെന്നും പോലീസ് പറഞ്ഞു. ആംബുലൻസ് ഡ്രൈവറായ ശ്രാവണപ്രഭുവിന്റെ സഹായത്തോടെയാണ് പലയിടത്തേക്കും പെൺകുട്ടിയെ കൊണ്ടുപോയിരുന്നത്. ഓട്ടോഡ്രൈവറായ ചിന്നത്തമ്പി എന്നയാളും സംഘത്തെ സഹായിച്ചിരുന്നു. ഒളിവിൽ പോയ ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
പെൺകുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെയും പ്രതികളുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ച് വരികയാണെന്നും കൂടുതൽ പേർ കേസിൽ പിടിയിലാകുമെന്നുമാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, നിലവിൽ സർക്കാർ അഭയകേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്ന പെൺകുട്ടിക്ക് കൗൺസിലിംഗ് ഉൾപ്പടെ നൽകുന്നുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും അറിയിച്ചു. പെൺകുട്ടിയെ തൽക്കാലത്തേക്ക് കുടുംബത്തോടൊപ്പം വിടേണ്ടെന്നാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.
Read also: അച്ചടക്ക നടപടി; എട്ട് പേരെ പുറത്താക്കി, മൂന്ന് പഞ്ചായത്ത് കമ്മറ്റികളും പിരിച്ചുവിട്ട് ബിജെപി





































