ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് രാജ്യതലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രം സ്വീകരിക്കുന്ന അന്തിമതീരുമാനം ഇന്ന് അറിയാം. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നാളെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തും. നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളില്‍ ചര്‍ച്ചക്ക് എതിര്‍പ്പില്ലെന്നാണ് കൃഷിമന്ത്രാലയ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങള്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ടു പോകുകയുള്ളു എന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിക്കുകയാണ്. വിട്ടുവീഴ്‌ചക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകളും.
പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാന മന്‍ കീ ബാത്തില്‍ കര്‍ഷക സമരത്തെക്കുറിച്ച് നരേന്ദ്ര മോദി പരാമര്‍ശിച്ചില്ല. പരിപാടിക്കിടെ അതിര്‍ത്തിയില്‍ മുദ്രാവാക്യം മുഴക്കിയും പാത്രം കൊട്ടിയും കര്‍ഷകര്‍ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം ഗുരുദ്വാര സന്ദര്‍ശനം ഓര്‍മ്മിപ്പിച്ച മോദി സിഖ് ഗുരുക്കന്‍മാരുടെ ത്യാഗം പരാമര്‍ശിച്ച് വീണ്ടും സമുദായത്തിന്റെ രോഷം തണുപ്പിക്കാനുള്ള ശ്രമവും നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സിഖ് ഗുരുക്കന്‍മാരുടെ ത്യാഗം പരാമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, രാജസ്‌ഥാനില്‍ ഇന്നുമുതല്‍ ബുധനാഴ്‌ച വരെ കോണ്‍ഗ്രസ്, കര്‍ഷക യോഗങ്ങള്‍ സംഘടിപ്പിക്കും. ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.
Read Also: സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും






































