തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും നാളെ മുതൽ ഭാഗികമായി തുറക്കുന്നു. ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ളാസ് മുറികളിലേക്ക് കുട്ടികൾ എത്തുന്നത്. കോവിഡ് സാഹചര്യത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കൂളുകളുടെ പ്രവർത്തനം. പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ, റിവിഷൻ ക്ളാസുകളാണ് നാളെ ആരംഭിക്കുക.
ഒരു ക്ളാസിൽ പരമാവധി 15 കുട്ടികളാണ് ഉണ്ടായിരിക്കുക. ഒരു ബെഞ്ചിൽ ഒരു വിദ്യാർഥി മാത്രം. രാവിലെയോ ഉച്ചക്കോ അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിലോ എന്ന രീതിയിലാകും ഷിഫ്റ്റ് ക്രമീകരിക്കുക. മാസ്ക്, സാനിറ്റൈസർ എന്നീ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാണ്. ക്ളാസിനുള്ളിലും പുറത്തും അധ്യാപകരും വിദ്യാർഥികളും സാമൂഹിക അകലം പാലിച്ചിരിക്കണം.
ഡിഗ്രി, പിജി അവസാന വർഷക്കാരാണ് നാളെ കോളേജുകളിൽ എത്തുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ക്യാമ്പസുകളിലും കർശനമാക്കും. മാർച്ച് അവസാനത്തിന് മുമ്പ് എസ്എസ്എൽസി, പ്ളസ് ടു പൊതുപരീക്ഷകൾ പൂർത്തിയാക്കും വിധം അക്കാദമിക് കലണ്ടർ പിന്തുടർന്ന് കൊണ്ട് പഠനം നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോളേജുകളിലെ അവസാന വർഷ പരീക്ഷ സംബന്ധിച്ച് സർവകലാശാലകളാണ് തീരുമാനമെടുക്കുക.
Also Read: കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിക്ക് നേട്ടം