തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരാൾ ഉണ്ടാകുന്നത് നല്ലതല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
നിയമസഭയിലുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടി ലോക്സഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ എന്തോ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ആ ലക്ഷ്യം വച്ച് ലോക്സഭയിലേക്ക് പോകണമെന്ന് തീരുമാനിച്ചു. അത് ഇപ്പോൾ അവസാനിപ്പിച്ച് അദ്ദേഹം തിരികെ വരുന്നു. കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരാൾ പ്രതിപക്ഷത്ത് കേരള നിയമസഭയിൽ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അതിലെനിക്ക് അഭിപ്രായ വ്യത്യാസമില്ല,”- മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെക്കുമെന്ന് നേരത്തെ ലീഗ് നേതൃത്വം അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മൽസരിക്കുമെന്നും ലീഗ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കും വിധമാകും രാജിയെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞിരുന്നു.
Also Read: ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കും; തിയേറ്ററുകളും തുറക്കാം








































