ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കും; തിയേറ്ററുകളും തുറക്കാം

By Desk Reporter, Malabar News
film-theaters
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിയേറ്ററുകളും ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആകെ സീറ്റുകളുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. തിങ്കളാഴ്‌ചക്കകം തിയേറ്ററുകള്‍ അണുവിമുക്‌തമാക്കണം. ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിലവില്‍ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തോളമായി തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പേർ പ്രതിസന്ധിയിലാണ്. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കുന്നത്. പകുതി ടിക്കറ്റുകളേ വിൽക്കാവൂ. അത്ര പേരെയെ പ്രവേശിപ്പിക്കാവൂ. കോവിഡ‍് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ഇല്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉൽസവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുടങ്ങും. ആളുകളുടെ എണ്ണം നിയന്ത്രിക്കണം. പോലീസും സെക്റ്ററൽ മജിസ്ട്രേറ്റുമാരും അതുറപ്പാക്കും. മതപരമായ ഉൽസവങ്ങൾ, സാംസ്‌കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവക്ക് ഇൻഡോറിൽ പരമാവധി 100, ഔട്ട്‍ഡോറിൽ 200 പേരെയും അനുവദിക്കും.

10 മാസത്തിലധികമായി കലാപരിപാടികളൊന്നും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം കലാകാരൻമാർ കടുത്ത പ്രയാസം അനുഭവിക്കുകയാണ്. പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കലകളുടെ നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരൻമാർ പ്രകടപ്പിക്കുന്നുണ്ട്.

അനുവദിക്കുന്ന പരിപാടികൾ ചട്ടമനുസരിച്ചാണ് നടത്തുന്നത് എന്ന് ഉറപ്പാക്കാൻ പോലീസിനെയും സെക്റ്ററൽ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും. എക്‌സിബിഷൻ ഹാളുകൾ നിയന്ത്രണങ്ങളോടെ അനുവദിക്കും. കായിക പരിശീലനങ്ങളും അനുവദിക്കും. നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ വിദ്യാർഥികളുടെ ഹോസ്‌റ്റലുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കും.

National News:  പ്രതീക്ഷ; രാജ്യത്ത് കോവിഷീല്‍ഡ് ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അനുമതി

പുതുവർഷത്തിൽ പത്തിന പരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സർക്കാർ സേവനങ്ങൾ വീട്ടിലെത്തിക്കും. മാസ്‌റ്ററിങ്, ദുരിതാശ്വാസ നിധി അപേക്ഷ, പെൻഷൻ, ജീവൻരക്ഷാമരുന്നുകൾ എന്നിവ വീട്ടിൽ എത്തിക്കും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് രാജ്യാന്തര വിദഗ്‌ധരുമായി സംവദിക്കാൻ പ്രത്യേക പരിപാടി, കുട്ടികളിലെ ആത്‌മഹത്യാപ്രവണത കുറക്കാൻ കൂടുതൽ സ്‌കൂൾ കൗൺസിലർമാർ, കുട്ടികൾക്കും കൗമാരക്കാർക്കും പോഷകാഹാരം ലഭ്യമാക്കാൻ പദ്ധതി, ആയിരം വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്‌ നൽകും. രണ്ടലരക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവർക്കാണ് സ്‌കോളർഷിപ്പ് നൽകുക. ഗുണഭോക്‌താക്കളെ മാർക്ക്, ഗ്രേഡ് അടിസ്‌ഥാനത്തിൽ നിശ്‌ചയിക്കും.

പ്രശ്‌നങ്ങൾ നേരിടുന്ന സ്‌ത്രീകൾക്കായി ഓൺലൈൻ സഹായ സംവിധാനം, അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നൽകാൻ പ്രത്യേക അതോറിറ്റി, വിവരം നൽകുന്നവരുടെ പേര് പുറത്തുവിടില്ല, അത് രഹസ്യമായി സൂക്ഷിക്കും. വിവരമറിയിക്കാൻ ഓഫീസുകളിൽ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  വ്യാജവാര്‍ത്തകള്‍ തടയാന്‍ ‘സത്യമേവ ജയതേ’; സാക്ഷരതാ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE