തിരുവനന്തപുരം : സംസ്‌ഥാനത്തെ സര്‍ക്കാര്‍ സര്‍വീസിലുള്ള എല്ലാ കരാര്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളത്തോടെയും ഇനി മുതല്‍ 6 മാസത്തെ പ്രസവാവധി ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സംസ്‌ഥാനത്ത് ഇതുവരെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം കരാര്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു പ്രസവാവധി അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പുറത്തിറങ്ങിയതോടെ ജോലി ചെയ്യുന്ന കാലയളവ് എത്ര തന്നെ ആയാലും അവര്‍ക്ക് 180 ദിവസത്തെ പ്രസവാവധി ലഭിക്കും.
180 ദിവസത്തെ പ്രസവാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് കരാര്‍ കാലാവധി അവസാനിച്ചാല്‍ അതുവരെ ആയിരിക്കും അവധിയും ലഭിക്കുക. അത് വരെയുള്ള ശമ്പളവും തൊഴിലാളിക്ക് ലഭിക്കും. മെഡിക്കല്‍ ഓഫീസര്‍ നിശ്‌ചയിച്ചിട്ടുള്ള പ്രസവ തീയതിക്ക് മൂന്നാഴ്‌ച മുന്‍പ് മുതലാണ് പ്രസവാവധി ആരംഭിക്കുക. ഇതിനൊപ്പം തന്നെ കരാര്‍ ജീവനക്കാരില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്‍ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്കും കരാര്‍ കാലാവധി നോക്കാതെ തന്നെ 6 ആഴ്‌ചത്തെ അവധി അനുവദിക്കും. ഇക്കാര്യങ്ങളില്‍ കരാര്‍ ജീവനക്കാര്‍ കോടതിയില്‍ നിന്നും അനുകൂല വിധി നേടിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
Read also : വടക്കാഞ്ചേരി ലൈഫ് മിഷന്‍; ഫ്ളാറ്റിന്റെ ബലപരിശോധന തുടങ്ങി




































