ചണ്ഡീഗഡ്: കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ മൊബൈല്‍ ടവറുകള്‍ നശിപ്പിച്ചതിനെതിരെയും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിന് എതിരെയും റിലയന്‍സ് സമര്‍പ്പിച്ച ഹരജിയില്‍ പഞ്ചാബ് സര്‍ക്കാരിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നോട്ടീസയച്ചു. ഫെബ്രുവരി എട്ടിന് പഞ്ചാബ് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധികള്‍ കോടതിയില്‍ ഹാജരാകണം.
തങ്ങള്‍ക്കുണ്ടായ നാശ നഷ്ടങ്ങള്ക്കെതിരെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തിങ്കളാഴ്ചയാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. മൊബൈല്‍ ടവറുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയും ജിയോ സെന്ററുകള്‍ അടച്ചുപൂട്ടുകയും ചെയ്തുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കര്‍ഷകരുടെ പേരില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരും ബിസിനസ് എതിരാളികളുമാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നിലെന്നാണ് റിലയന്‍സിന്റെ ആരോപണം.
നിക്ഷിപ്ത താല്‍പ്പര്യക്കാരെ കണ്ടെത്താന്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിടണമെന്ന് ഹരജിയില്‍ റിലയന്‍സ് ആവശ്യപ്പെടുന്നു. നിക്ഷിപ്ത താല്പര്യക്കാര് തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്നും പുതിയ കാര്‍ഷിക നിയമങ്ങളുടെ ഗുണഭോക്താക്കള്‍ റിലയന്സാണെന്നുള്ള നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ജിയോ മൊബൈല്‍ ടവറുകളുടെ കേടുപാടുകള്‍ വിലയിരുത്തുന്നതിനും സംരക്ഷണം നല്‍കുന്നതിനും പഞ്ചാബ് സര്‍ക്കാര്‍ 1019 പട്രോളിംഗ് സ്ക്വാഡുകളെയും 22 നോഡല്‍ ഓഫീസര്‍മാരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ പഞ്ചാബ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. പഞ്ചാബ് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ അതുല്‍ നന്ദ, കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സത്യപാല്‍ ജെയിന് എന്നിവരാണ് ജസ്റ്റിസ് സുധീര്‍ മിത്തലിന് മുന്നില്‍ ഹാജരായത്.
റിലയന്‍സ് ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തിനു ശേഷം തദ്ദേശീയമായി സാങ്കേതിക വിദ്യകള്‍ നിര്‍മ്മിച്ചു. ഇത് ചില വിദേശ ശക്തികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള വിദേശ താല്‍പ്പര്യങ്ങളുമായി യോജിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, റിലയന്‍സിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്നും റിലയന്‍സിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Read Also: ഗെയിൽ പദ്ധതി; സർക്കാർ വാഗ്ദാനം നിറവേറ്റി; ജനങ്ങൾ ഒപ്പം നിന്നുവെന്ന് മുഖ്യമന്ത്രി







































