കോഴിക്കോട് : ഇത്തവണത്തെ പി വി സാമി പുരസ്കാരം നടന് മോഹന്‍ലാലിന്. സ്വാതന്ത്ര്യ സമര സേനാനിയും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്ന പിവി സാമിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് പി വി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ്.
കഴിഞ്ഞ നാലു പതിറ്റാണ്ടിലെ സമഗ്ര സംഭാവനകള്‍ക്കാണ് മോഹന്‍ലാല്‍ ഈ പുരസ്കാരത്തിന് അര്‍ഹനായത്. എം വി ശ്രേയാംസ്കുമാര്‍, സത്യന് അന്തിക്കാട്, സി കെ രാമചന്ദ്രന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരത്തിന് മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്. അനായാസമായ അഭിനയശേഷി കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ലാലിന്റെ അഭിനയജീവിതമെന്നും, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വൈവിധ്യം ഇന്ത്യയിലെ മറ്റൊരു നടനും അവകാശപ്പെടാന്‍ ഇല്ലാത്ത വിധവുമാണെന്ന് സമിതി പറഞ്ഞു. നായകനായും പ്രതിനായകനായും ആഴമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പുരസ്കാരത്തിന് തിരഞ്ഞെടുക്കാന്‍ കാരണമാണ് സമിതി ചൂണ്ടിക്കാട്ടി.
പി വി സാമിയുടെ ചരമദിനമായ സെപ്റ്റംബര്‍ ഒന്നിനാണ് എല്ലാ വര്‍ഷങ്ങളിലും പുരസ്കാരം കൈമാറുന്നത്. ഇത്തവണ കോവിഡ് വ്യാപനം കണക്കിലെടുത്ത് തീയതി പിന്നീട് തീരുമാനിക്കും. ക്യാപ്റ്റന്‍ സി വി കൃഷ്ണന്‍നായര്‍, എം എ യൂസഫലി, രാജീവ് ചന്ദ്രശേഖരന്, ഡോ ബി രവിപ്പിള്ള, എം പി രാമചന്ദ്രന്, പത്മശ്രീ മമ്മൂട്ടി തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്കാരത്തിന് അര്‍ഹരായിട്ടുള്ളത്.







































