വാഷിംഗ്ടണ്‍ : ഗുതരമായ നയ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. 12 മണിക്കൂര്‍ നേരത്തേക്കാണ് ട്രംപിന്റെ വ്യക്‌തിഗത ട്വിറ്റര്‍ അക്കൗണ്ട് വിലക്കിയത്. ജോര്‍ജിയ സംസ്‌ഥാനത്ത് നിന്നും സെനറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചതിന് പിന്നാലെ ട്രംപ് അനുകൂലികള്‍ ശക്‌തമായ പ്രതിഷേധവുമായി രംത്തെത്തിയിരുന്നു. ട്രംപ് അനുകൂലികള്‍ സുരക്ഷാ സംവിധാനങ്ങളെ ഒന്നും തന്നെ വക വെക്കാതെ യുഎസ് പാര്‍ലമെന്റിലേക്ക് ഇരച്ചു കയറി പ്രതിഷേധ പ്രകടനം കാഴ്‌ച വച്ചതോടെയാണ് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള തീരുമാനം ട്വിറ്റര്‍ അറിയിച്ചത്.
ജോര്‍ജിയയില്‍ നിന്നും സെനറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥികളായ റഫായേല്‍ വാര്‍നോക്ക്, ജോണ്‍ ഓസോഫ് എന്നിവര്‍ വിജയിച്ചതോടെയാണ് ഡെമോക്രാറ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചത്. ഇതോടെ 51 സീറ്റുകള്‍ നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധി സഭയിലും, സെനറ്റിലും ഭൂരിപക്ഷം നേടി. എന്നാല്‍ ഫലം വന്നതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണവുമായി ട്രംപ് അനുകൂലികള്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തിറങ്ങുകയായിരുന്നു.
പ്രതിഷേധക്കാരോട് തിരികെ പോകാന്‍ ആവശ്യപ്പെടുന്ന ഒരു വീഡിയോയില്‍, നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് അടിസ്‌ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് ട്വിറ്റര്‍ കണ്ടെത്തിയത്. ഈ ട്വീറ്റുകള്‍ പിന്‍വലിച്ച ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ പൂര്‍ണമായും നീക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
Read also : ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റ് കീഴടക്കി ട്രംപ് അനുകൂലികൾ; മന്ദിരം ഒഴിപ്പിച്ചു