വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭത്തിലെ പ്രധാനിയായ വംശീയവാദി പിടിയിൽ. ജെക്ക് ഏൻജലി എന്നയാളിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കൊമ്പുള്ള തൊപ്പി തലയിൽ വെച്ച് നെഞ്ചിൽ പച്ചകുത്തി നീണ്ട കുന്തത്തിൽ അമേരിക്കൻ പതാകയുമേന്തി അക്രമം നടത്തുന്ന ഇയാളുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സ്‌പീക്കറുടെ പ്രസംഗ പീഠം എടുത്തുമാറ്റിയ അക്രമിയെയും പിടികൂടിയെന്നാണ് അധികൃതർ നൽകുന്ന വിവരം. ജെക്ക് ഏൻജലി എന്നറിയപ്പെടുന്ന ജേക്കബ് ആന്റണി ചാൻസ്‌ലിക്ക് എതിരെയും ഒപ്പം മറ്റ് രണ്ട് പേർക്കെതിരെയും ഫെഡറൽ കോടതിയിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് യുഎസ് അറ്റോർണീ ഓഫീസ് അറിയിച്ചു. കൂടാതെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഉദ്യോഗസ്‌ഥനെതിരെയും കേസെടുത്തിട്ടുണ്ട്.
അനധികൃതമായി കെട്ടിടത്തിൽ പ്രവേശിക്കുക, കാപ്പിറ്റോൾ മൈതാനത്ത് അക്രമം നടത്തുക, അച്ചടക്ക ലംഘനം എന്നീ വകുപ്പുകളാണ് ജെക്ക് ഏൻജലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് മുമ്പും ട്രംപ് അനുകൂല പരിപാടികളിൽ ഇയാൾ സജീവമായിരുന്നു. കാപ്പിറ്റോൾ കലാപം നടക്കുമ്പോൾ താൻ സ്‌ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് വരുത്തി തീർക്കാൻ ഏൻജലി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തനിക്ക് അനുകൂലമായി മൊഴി നൽകാൻ ഒരു വ്യാജ സാക്ഷിയെയും ഇയാൾ ഏർപ്പാടാക്കിയിരുന്നു.
നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ ചേർന്ന സംയുക്‌ത യോഗത്തിലേക്കാണ് ആയിരക്കണക്കിന് സായുധ അക്രമികൾ സുരക്ഷാ സംഘത്തെ മറികടന്ന് ഇരച്ച് കയറിയത്. കലാപത്തിൽ ഇന്ത്യൻ പതാകയുമായി പ്രത്യക്ഷപ്പെട്ട അമേരിക്കൻ മലയാളിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. രണ്ട് അഭിഭാഷകരുടെ പരാതിയിൽ ഡെൽഹിയിലാണ് കേസെടുത്തത്. അതേസമയം,പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ജസ്‌റ്റിസ് ഡിപാർട്‌മെന്റ് വ്യക്‌തമാക്കി.
Also Read: ഒന്‍പത് ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍






































