ന്യൂഡെൽഹി: കർഷകരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ പുനസംഘടന ആവശ്യപ്പെട്ട് ഹരജി. ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി എന്ന സംഘടനയാണ് ഹരജി നൽകിയത്. സമരത്തിന് നേത്യത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയിൽ ഹരജി നൽകിയ ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി അംഗമല്ല. എന്നാൽ അവരാണ് വിഷയം ഉന്നയിച്ച് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കർഷകരുമായി ചർച്ച നടത്താൻ കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാട് ഉള്ളവരല്ലെന്നും ഇവരെല്ലാം കാർഷിക നിയമ ഭേദഗതിയെ ശക്തമായി പിന്തുണക്കുന്ന വ്യക്തികളുമാണെന്ന് ഹരജിയിൽ പറയുന്നു.
കർഷകസംഘടനകൾ സമിതിയുമായി സഹരിക്കില്ലെന്ന തീരുമാനത്തിലാണെന്നും അതിനാൽ സമിതിയിൽ അഴിച്ചുപണി ആവശ്യമാണെന്നും അവർ ഹരജിയിൽ പറയുന്നു. നേരത്തെ കാർഷിക നിയമങ്ങൾക്ക് എതിരെ സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അതേസമയം കർഷകനേതാക്കൾക്ക് അടക്കം എൻഐഎ നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും. എൻഐഎയുടെ നോട്ടീസ്, റിപ്പബ്ളിക്ക് ദിനത്തിലെ ട്രാക്ടർ പരേഡ് അടക്കമുള്ള വിഷയങ്ങൾ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ ചർച്ച ചെയ്യും.
Read Also: ജയപരാജയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വം; കെ മുരളീധരന്







































