ബംബോലിം: ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി പോരാട്ടം. കരുത്തരായ ബെംഗളൂരു എഫ്‌സിക്ക് എതിരെ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളുടെയും ലക്ഷ്യത്തിൽ ഇല്ലെന്നതാണ് വാസ്‌തവം. പതിവിന് വിപരീതമായി ഇക്കുറി സീസൺ പകുതി പിന്നിട്ടപ്പോഴും പോയിന്റ് നിലയിൽ ബെംഗളൂരുവും ബ്ളാസ്‌റ്റേഴ്‌സും തമ്മിൽ വലിയ അന്തരമില്ല.
11 കളികളിൽ 13 പോയിന്റുമായി ഏഴാം സ്‌ഥാനത്താണ് ബെംഗളൂരു. ബ്ളാസ്‌റ്റേഴ്‌സ് ആവട്ടെ പത്ത് പോയിന്റുമായി പത്താം സ്‌ഥാനത്താണ്. കഴിഞ്ഞ അഞ്ച് മൽസരങ്ങളിൽ നാലും ബെംഗളൂരു പരാജയപ്പെട്ടു. ഡിമാസ് ഡെൽഗാഡോ നാട്ടിലേക്ക് മടങ്ങിയതോടെ ബെംഗളൂരു മധ്യനിരക്ക് നിറം കുറവാണ്. സുനിൽ ഛേത്രിയും പഴയ ഫോമിലേക്ക് ഉയർന്നിട്ടില്ല.
മറുഭാഗത്ത് ബ്ളാസ്‌റ്റേഴ്‌സിന് ജയം അനിവാര്യമാണ്. സ്‌പാനിഷ് താരം ജവാന്റെ ഇന്ന് കളത്തിലിറങ്ങും. മധ്യനിരയിൽ ഫക്കുണ്ടോ പെരേര, വിസെന്റെ ഗോമസ്, സഹൽ എന്നിവരും മുന്നേറ്റത്തിൽ ജോർദാൻ മുറെയും മികച്ച ഫോമിലാണ്.
ഗോൾകീപ്പർ ആൽബിനോ ഗോമസും മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. അതേസമയം പ്രതിരോധ നിരയാണ് ബ്ളാസ്‌റ്റേഴ്‌സിന് തലവേദനയാവുന്നത്. ലീഡ് എടുത്ത ശേഷം ഗോൾ വഴങ്ങുന്ന പതിവ് ശൈലിയാണ് ടീമിന് വെല്ലുവിളി. എങ്കിലും സന്ദീപ് സിംഗ് അടക്കമുള്ള ഇന്ത്യൻ താരങ്ങളിൽ ആരാധകർ പ്രതീക്ഷ വെക്കുന്നു.
Read Also: സംസ്‌ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി






































