പയ്യന്നൂർ: പ്രശസ്ത ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്. പയ്യന്നൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനായി വച്ചിരിക്കുകയാണ്.
ഇന്നലെയാണ് മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി നമ്മോട് വിടപറഞ്ഞത്. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു അന്ത്യം. കോവിഡ് മുക്തനായി വീട്ടിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
‘ദേശാടനം’ എന്ന ചിത്രത്തിലൂടെ തന്റെ എഴുപത്തിയാറാം വയസിൽ സിനിമാ ലോകത്തേക്ക് കടന്നുവന്ന അദ്ദേഹം ‘ഒരാൾ മാത്രം’, ‘കൈക്കുടന്ന നിലാവ്’, ‘കളിയാട്ടം’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. സൂപ്പർതാരമായ രജനീകാന്തിനോടോപ്പം തമിഴ് ചിത്രമായ ‘ചന്ദ്രമുഖി’യിലും വേഷമിട്ട അദ്ദേഹത്തിന്റെ ‘കല്യാണരാമൻ’ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷക മനസിൽ എന്നും നിറം മങ്ങാതെ നിലനിൽക്കുന്ന ഒന്നാണ്. കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവ് കൂടിയാണ്.
Read Also: പ്രതിപക്ഷത്തിന്റെ പ്രമേയം യുക്തിക്ക് നിരക്കാത്തത്; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ




































