തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട മിഥിലാജിന്റെ മരണകാരണം നെഞ്ചിലേറ്റ വെട്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇടത് നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മിഥിലാജിനു നേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹഖിനാണ് കൂടുതൽ വെട്ടേറ്റത്. നെഞ്ചിലും മുഖത്തും കയ്യിലും മുതുകിലുമായി ഒൻപതോളം വെട്ടുകളുണ്ടായിരുന്നു.
അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അൻസറും ഉണ്ണിയും പിടിയിലായി. പ്രതികളെ സഹായിക്കാൻ ശ്രമിച്ച സ്ത്രീയേയും കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായി എന്നാണ് വിവരം. എട്ട് പേരാണ് ഇതുവരെ പോലീസിന്റെ പിടിയിലായത്. നാല് പേരുടെ അറസ്റ്റ് പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന.
ഞായറാഴ്ച അർദ്ധരാത്രിയാണ് തിരുവനന്തപുരം തേമ്പാംമൂട് വച്ച് ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകങ്ങൾക്കു പിന്നിലെന്ന് പോലീസ് പറയുന്നു. നിരവധി തവണ ഹഖ് മുഹമ്മദിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായും പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.







































