കോഴിക്കോട്: വ്യാപാര സമൂഹത്തിന്റെ മുഖ്യധാരയിൽ നിൽക്കുമ്പോൾ തന്നെ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാനും അവരോടൊപ്പം ചേരാനും ഒരു മടിയുമില്ലാത്ത മനുഷ്യ സ്നേഹിയായിരുന്നു തോട്ടത്തിൽ റഷീദ്. അപൂർവ വ്യക്തിത്വത്തിന് ഉടമ എന്ന് തന്നെ വിശേഷിപ്പിക്കാം; ജെഡിടി ഇസ്ലാം സെക്രട്ടറിയും ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ പിസി അൻവർ പറഞ്ഞു.
ഇന്നലെ അന്തരിച്ച സജീവ ജീവകാരുണ്യ പ്രവർത്തകനും കോഴിക്കോട് നഗരത്തിലെ പഴക്കമേറിയ വസ്ത്രവ്യാപാര സ്ഥാപനമായ തോട്ടത്തിൽ ടെക്സ്റ്റൈൽസ് ഉടമയുമായ തോട്ടത്തിൽ റഷീദിനെ സ്മരിച്ചുകൊണ്ട് മലബാർ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഡോ. പിസി അൻവർ.
“എന്റെ ഓർമയിൽ ജെഡിടി ഇസ്ലാം എന്ന പ്രസ്ഥാനത്തോടൊപ്പം റഷീദ് സഞ്ചരിക്കാൻ ആരംഭിച്ചിട്ട് 20 വർഷത്തിൽ കൂടുതലായിക്കാണും. ജോയിൻ സെക്രട്ടറിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും വൈസ് പ്രസിഡണ്ടായും 20 കൊല്ലം കൂടെയുണ്ടായി ഇദ്ദേഹം. പ്രസ്ഥാനിക ബന്ധത്തിനപ്പുറമുള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്താവശ്യത്തിനും ആർക്കും സമീപിക്കാവുന്ന, ആരുടെ മുന്നിലും താനെന്ന അഹങ്കാരമില്ലാതെ മറ്റുള്ളവർക്കായി കൈനീട്ടാൻ മടിയില്ലാത്ത ഒരു മനുഷ്യൻ“; ഇതായിരുന്നു റഷീദെന്ന മനുഷ്യ സ്നേഹി.
ഇഖ്റ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ നേതൃത്വം കൊടുത്തവരിൽ ഒരാളാണ് ഇദ്ദേഹം. മെഡിക്കൽ കോളജിലെ 40തിനായിരം ചതുരശ്ര അടി വരുന്ന കെയർഹോം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്. ഇന്നത് ദിവസവും 100 കണക്കിന് ആളുകൾക്ക് സഹായമാകുന്ന കേന്ദ്രമാണ്. ഇത്തരത്തിൽ എത്രയോ നൻമയുള്ള പ്രവർത്തികളിലൂടെ ദിവസവും സഞ്ചരിച്ച ഒരു മനുഷ്യസ്നേഹിയാണ് റഷീദ്; ഡോ പിസി അൻവർ കൂട്ടിച്ചേർത്തു.
“പലപ്പോഴും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് വീടുണ്ടാക്കാനോ അല്ലങ്കിൽ ഏതെങ്കിലും പെൺകുട്ടികളുടെ വിവാഹത്തിനോ ആരുടെയെങ്കിലും ആശുപത്രി ആവശ്യത്തിനോ വേണ്ടി ഫീൽഡിലിറങ്ങി സഹായം അഭ്യർഥിക്കും ഈ മനുഷ്യൻ. അതായത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ആളുകളെ നേരിൽകണ്ട് മറ്റാർക്കെങ്കിലും വേണ്ടി സഹായം അഭ്യർഥിക്കാനൊന്നും ഒരു മടിയും ഇദ്ദേഹം കാണിക്കാറില്ലായിരുന്നു. ജെഡിടി ഇസ്ലാമിന് മാത്രമല്ല, മുഴുവൻ സമൂഹത്തിനും ഇദ്ദേഹത്തെ പോലുള്ളവരുടെ വിയോഗം വലിയ നഷ്ടമാണ്“; ഡോ പിസി അൻവർ പറഞ്ഞു.
Most Read: തോട്ടത്തിൽ റഷീദ് നഗരഹൃദയത്തിലെ തിരിനാളമായിരുന്നു; എംകെ രാഘവൻ എംപി






































