മലയാളത്തിന് ഏറെ ഹിറ്റുകൾ സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞ തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ സ്വപ്‌നചിത്രം ‘വിലായത്ത് ബുദ്ധ‘ ഏറ്റെടുത്ത് പൃഥ്വിരാജ് സുകുമാരൻ. ബിജുമേനോൻ, പൃഥ്വിരാജ് എന്നിവരെ നായകൻമാരാക്കി സച്ചി ഒരുക്കിയ ‘അയ്യപ്പനും കോശിയും‘ എന്ന ചിത്രത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ഇത് സച്ചിക്ക് വേണ്ടിയാണ് എന്ന കുറിപ്പോടെയാണ് പൃഥ്വി പോസ്‌റ്റർ പങ്കുവെച്ചത്. സച്ചി ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ചിത്രം ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ജയൻ നമ്പ്യാരാണ് ‘വിലായത്ത് ബുദ്ധ’ സംവിധാനം ചെയ്യുന്നത്. പൃഥ്വി തന്നെയാവും മുഖ്യവേഷം കൈകാര്യം ചെയ്യുക.
സന്ദീപ് സേനനും, അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിആർ ഇന്ദുഗോപനും, രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ജിആർ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തിരക്കഥ എഴുതുന്നത്. നേരത്തെ നോവൽ വായിച്ചപ്പോൾ മുതൽ ഇത് സിനിമയാക്കാനുള്ള ആഗ്രഹം ഉണ്ടായെന്ന് സച്ചി പറഞ്ഞിരുന്നു.
പ്രമുഖ ഛായാഗ്രാഹകൻ ജോമോൻ ടി ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് മഹേഷ് നാരായൺ നിർവഹിക്കും. സംഗീത സംവിധാനം ജാക്‌സ് ബിജോയാണ്. മറ്റ് അഭിനേതാക്കളുടെ കാര്യം പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടും.
Read Also: ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലെത്തും; ട്രെയിലർ പുറത്ത്







































