തിരുവനന്തപുരം: യാക്കോബായ – ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍. ഈ മാസം 10ന് തിരുവനന്തപുരത്താണ് അനുരജ്ഞന ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇരുസഭകളും അറിയിച്ചിട്ടുണ്ട്. സഭകളില്‍ നിന്നും 3 പേര്‍ വീതമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ഓര്‍ഡിനന്‍സ് ഒഴിവാക്കണമെന്നാണ് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെടുന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ വിധിയെ പിന്‍താങ്ങി പള്ളി പിടിച്ചടക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യമാണ് യാക്കോബായ സഭ മുന്നോട്ടുവെക്കുന്നത്.