ന്യൂഡല്‍ഹി : കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ള പ്രതിദിന കോവിഡ് കേസുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കുകള്‍. 83,883 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 38,53,407 ആയി ഉയര്‍ന്നു. 1043 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചത്. ഇതോടെ 67,376 ആളുകള്‍ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 77 ശതമാനമാണ്. 29,70,493 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. നിലവില്‍ രാജ്യത്ത് ചികിത്സയില്‍ ഉള്ള ആളുകളുടെ എണ്ണം 8,15,538 ആയി ഉയര്‍ന്നിട്ടുണ്ട്.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. 17,433 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 25,195 ആളുകളാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.
കര്‍ണാടകയിലും ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 9860 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 113 ആളുകള്‍ കഴിഞ്ഞ ദിവസം മരിച്ചതോടെ സംസ്ഥാനത്ത് ആകെ 5950 ആളുകള്‍ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.







































