തേഞ്ഞിപ്പലം: റോഡിൽ സുരക്ഷാനിയമങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി എത്തിയവർക്ക് കുട്ടിപോലീസിന്റെ ബോധവൽക്കരണം. മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായാണ് ദേശീയപാതയിൽ കാലിക്കറ്റ് സർവകലാശാലക്ക് സമീപം സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
ഹെൽമെറ്റ് ഇല്ലാതെയും സീറ്റ്ബെൽറ്റ് ധരിക്കാതെയും എത്തിയവർക്ക് സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്‌പിസി) ഉപദേശം നൽകി. വാതിലടക്കാതെ സർവീസ് നടത്തിയ ബസുകളിലെ ഡ്രൈവർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ കുട്ടികൾ ബോധവൽക്കരണം നടത്തി.
ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് സ്‌കൂളിലെ കുട്ടിപോലീസാണ് സുരക്ഷിത യാത്രയുടെ പാഠങ്ങൾ പകർന്നത്. വരുംദിവസങ്ങളിലും കുട്ടിപോലീസിന്റെ ബോധവൽക്കരണ പരിപാടിയും പരിശോധനയും തുടരുമെന്ന് തിരൂരങ്ങാടി എഎംവിഐ കെ സന്തോഷ്‌കുമാർ അറിയിച്ചു.
Read also: 25ആം കേരള രാജ്യാന്തര ചലച്ചിത്രമേള; തലസ്‌ഥാന നഗരിയിൽ നാളെ തുടക്കം







































