പാലക്കാട്: നഗരത്തിലെ വസ്‌ത്രശാലക്ക് മുന്നിൽ പാർക്ക് ചെയ്‌ത കാറിന്റെ ചില്ലു തകർത്ത് 1.5 ലക്ഷം രൂപ മോഷ്‌ടിച്ചു. ഒറ്റപ്പാലം എസ്ആർകെ നഗർ മാറാമ്പിൽ കെഎസ്ഇബി ജീവനക്കാരനായ എംസി ആന്റണിയുടെ കാറിൽ നിന്നാണ് പണവും തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണുമടക്കം മോഷണം പോയത്.
ഇന്നലെ വൈകിട്ട് പാലക്കാട് മുനിസിപ്പൽ ബസ് സ്‌റ്റാൻഡിനു സമീപത്തെ വസ്‌ത്രശാലയിലാണ് സംഭവം. മകളുടെ വിവാഹാവശ്യത്തിനു വസ്‌ത്രമെടുക്കാൻ എത്തിയതായിരുന്നു ആന്റണിയുടെ കുടുംബവും സുഹൃത്തുക്കളും.
വസ്‌ത്രശാലയുടെ പാർക്കിങ് ഏരിയയിൽ സ്‌ഥലമില്ലാഞ്ഞതിനാൽ സെക്യൂരിറ്റിയുടെ നിർദേശമനുസരിച്ച് റോഡിന്റെ മറുപുറത്താണ് കാർ പാർക്ക് ചെയ്‌തത്. വസ്‌ത്രങ്ങൾ വാങ്ങി വൈകിട്ട് ഏഴോടെ തിരികെ എത്തിയപ്പോഴാണ് കാറിന്റെ വിൻഡോ ഗ്ളാസ് തകർത്തു സാധനങ്ങൾ മോഷ്‌ടിച്ച വിവരം അറിയുന്നത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ മോഷണം പോയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാലക്കാട് പ്രിയദർശിനി തിയറ്ററിന് എതിർവശത്തു നിന്ന് കണ്ടെടുത്തു. എന്നാൽ, അതിൽ പണവും മൊബൈൽ ഫോണും ഉണ്ടായിരുന്നില്ലെന്നു പോലീസ് അറിയിച്ചു.
ആറു മാസം മുൻപും ഇതേ സ്‌ഥലത്ത് സമാന രീതിയിൽ മോഷണം നടന്നിട്ടുള്ളതായും പാലക്കാട് ടൗൺ റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ചുള്ള മോഷണ സംഘങ്ങൾക്കു പങ്കുണ്ടോ എന്നു പരിശോധിക്കുമെന്നും നോർത്ത് പോലീസ് ഇൻസ്‌പെക്‌ടർ അറിയിച്ചു.
Malabar News: ഐഎഫ്എഫ്‌കെ; സംഘാടക സമിതി ഓഫീസ് തുറന്നു







































