പേര്യ: 20 കിലോഗ്രാമിലധികം ഭാരമുള്ള ആനക്കൊമ്പുമായി വയനാട്ടില്‍ 4 പേര്‍ പിടിയില്‍. കാട്ടാനയുടെ ജഡത്തില്‍ നിന്ന് ശേഖരിച്ച ആനക്കൊമ്പാണ് വനപാലകര്‍ പിടികൂടിയത്. സംഭവത്തില്‍ ഇട്ടിലാട്ടില്‍ കാട്ടിയേരി കോളനിയിലെ വിനോദ് (30), രാഘവന്‍ (39), രാജു (34), ഗോപി (38) എന്നിവരെ അറസ്റ്റ് ചെയ്തു. പേര്യ റെയ്ഞ്ചിലെ കൊളത്തറ വനത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
മാര്‍ച്ച് 2ന് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ വനപാലകര്‍ അന്വേഷണം നടത്തിവരികയായിരുന്നു. വില്‍പനക്കായി രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന നിലയിലായിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.







































