മുംബൈ: യുവതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് മഹാരാഷ്‌ട്ര മന്ത്രി രാജിവെച്ചു. വനംവകുപ്പ് മന്ത്രി സഞ്‌ജയ് റാത്തോഡ് ആണ് മന്ത്രിസ്‌ഥാനം രാജിവെച്ചത്. ബീഡ് സ്വദേശിയായ 23കാരിയുടെ മരണവുമായി ബന്ധപ്പെടുത്തി മന്ത്രിക്കെതിരെ ബിജെപി ഉയർത്തിയ ആരോപണങ്ങളെ തുടർന്നാണ് രാജി.
പൂജ ചവാൻ എന്ന യുവതിയെയാണ് പുണെയിൽ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി എട്ടിനായിരുന്നു സംഭവം. ഇതിനുപിന്നാലെ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചിരുന്നു.
പിന്നീട് യുവതിയുടെ മരണം സംബന്ധിച്ച് രണ്ടുപേരുടെ സംഭാഷണം അടങ്ങുന്ന ഓഡിയോ ക്ളിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഓഡിയോ ക്ളിപ്പിലെ ശബ്‌ദങ്ങളിലൊന്ന് സഞ്‌ജയ് റാത്തോഡിന്റേത് ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. യുവതിയുടെ മരണത്തിന് പിന്നിൽ മന്ത്രിയാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ മന്ത്രി നിഷേധിച്ചു. ബിജെപിയുടെ വൃത്തികെട്ട രാഷ്‌ട്രീയമാണ് തന്റെ രാജിക്ക് കാരണമെന്നാണ് സഞ്‌ജയ് റാത്തോഡിന്റെ പ്രതികരണം.
Read Also: 20 സീറ്റുകളില്‍ മികച്ച സാധ്യത; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം





































