ന്യൂ ഡെൽഹി: ജിഡിപി വളർച്ചാ നിരക്കിലെ ഇടിവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നാശത്തിലേക്കാണ് പോകുന്നത് എന്നതിന്റെ തെളിവാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ അപകടമാണെന്നും അദ്ദേഹം നരേന്ദ്ര മോദി സർക്കാരിന് മുന്നറിയിപ്പു നൽകി.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച വികസിത രാജ്യങ്ങളായ യുഎസ്, ഇറ്റലി എന്നിവിടങ്ങളിലെ സാമ്പത്തിക തകർച്ചയേക്കാൾ മോശം അവസ്ഥയിലാണ് ഇന്ത്യ. റസ്റ്റോറന്റുകൾ പോലുള്ള സേവനങ്ങൾ, അതുമായി ബന്ധപ്പെട്ട തൊഴിലുകൾ തുടങ്ങിയവ കോവിഡ് വ്യാപനം ഒഴിയാതെ പൂർണമായി പ്രവർത്തിക്കാനാകാത്ത സാഹചര്യമാണ്. സർക്കാരിന്റെ നേതൃത്വത്തിലുള്ള ആശ്വാസ പ്രവർത്തനങ്ങൾ ഈ സമയത്ത് ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളെ തൃപ്തിപ്പെടുത്താൻ മാത്രമല്ല, സൗഹൃദത്തിലല്ലാത്ത അയൽക്കാരെ സുരക്ഷിത അകലത്തിൽ നിർത്തുന്നതിനും സമ്പദ് വ്യവസ്ഥയിൽ ശക്തമായ വളർച്ച ഉണ്ടാവേണ്ടതുണ്ട്. കൂടുതൽ ധനപരമായ നടപടികൾ പ്രഖ്യാപിക്കാൻ വിമുഖത കാണിക്കരുത്. സമാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ വളർച്ചാനിരക്ക് തകർന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി/ Gross Domestic Product) 23.9 ശതമാനമായി ഇടിഞ്ഞ പശ്ചാത്തലത്തിലാണ് രഘുറാം രാജന്റെ പ്രതികരണം വരുന്നത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംബ്ലിമെന്റെഷൻ മന്ത്രാലയമാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് മഹാമാരി രാജ്യത്തുടനീളമുള്ള ബിസിനസുകളെയും ഉൽപാദനത്തെയും ബാധിച്ചതാണ് ജിഡിപി ഇടിയാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വൈറസ് പ്രതിസന്ധി മറികടക്കാൻ സർക്കാർ മുന്നോട്ടുവച്ച പാക്കേജുകളൊന്നും ഗുണകരമായില്ല എന്നാണ് വിലയിരുത്തൽ.
ജനുവരി മുതൽ മാർച്ച് വരെ 3.1 ശതമാനം വളർച്ചയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായത്. കഴിഞ്ഞ 8 വർഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ സാമ്പത്തിക വളർച്ചയാണിത്.








































